ഗ്രാമ പഞ്ചായത്തിന്‍റെ ചരിത്രം
ചരിത്രം
ആദ്യം ആയ്നാട്ടിലും പിന്നീട് ഓടനാട്ടിലും ഉള്‍പ്പെട്ടിരുന്ന ഈ പ്രദേശം തെക്കുംകൂറിന്റെയും പന്തളത്തിന്റെയും പിന്നീട് തിരുവിതാംകൂറിന്റെയും കീഴിലായി. മഹോദയപുരം കേന്ദ്രമാക്കി വാണിരുന്ന ചേരരാജാവിന്റെ ആധിപത്യവും ഇവിടെ നിലനിന്നിരുന്നതായി പറയപ്പെടുന്നു. ആറുമുളകെട്ടിയ ചങ്ങാടത്തില്‍ ശ്രീകൃഷ്ണനും ബലരാമനും കൂടി പമ്പാനദിയില്‍ കൂടി വന്നുവെന്നും ആറന്മുളയെത്തിയപ്പോള്‍ കരയ്ക്ക് അടുത്ത് ഇപ്പോള്‍ ക്ഷേത്രം നില്‍ക്കുന്ന ഭാഗത്ത് വിശ്രമിച്ചുവെന്നും ആ സ്ഥലം ആറന്മുളയായെന്നുമാണ് സ്ഥലനാമഐതിഹ്യം. കുറുമ്പന്‍ ദൈവത്തിന്റെ നേതൃത്വത്തില്‍ ആറന്മുള ക്ഷേത്രത്തിലേക്ക് ഹരിജനങ്ങള്‍ നടത്തിയ ക്ഷേത്രപ്രവേശനസമരം നവോത്ഥാനചരിത്രത്തിലെ സുപ്രധാന ഏടാണ്. 1937-ല്‍ ക്ഷേത്രപ്രവേശന വിളംബരത്തിന്റെ ഒന്നാം വാര്‍ഷികവുമായി ബന്ധപ്പെട്ട് മഹാത്മാഗാന്ധി ആറന്മുള ക്ഷേത്രം സന്ദര്‍ശിച്ചിട്ടുണ്ട്. 1864-ല്‍ പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയമായ കൊട്ടാരത്തില്‍ പള്ളിക്കൂടം സ്ഥാപിതമായി. ലോകപ്രസിദ്ധമായ ആറന്മുള കണ്ണാടി നിര്‍മ്മിക്കുന്ന രണ്ട് കണ്ണാടി നിര്‍മ്മാണകേന്ദ്രങ്ങള്‍ ഇവിടെയുണ്ട്. ആദ്യം ഈ പഞ്ചായത്ത് കൊല്ലം ജില്ലയുടെ ഭാഗമായിരുന്നു. പിന്നീട് ആലപ്പുഴ ജില്ലയുടെ ഭാഗമായെങ്കിലും 1983-ല്‍ പത്തനംതിട്ടജില്ല രൂപീകരിച്ചതോടെ ആറന്മുള പഞ്ചായത്ത് പത്തനംതിട്ടയുടെ ഭാഗമായി. ആറന്മുള പഞ്ചായത്തിലെ ആദ്യത്തെ പ്രസിഡന്റ് അഡ്വ.എം.പി രാമന്‍പിള്ളയായിരുന്നു. നിലവില്‍ ആറന്മുള അസംബ്ളിമണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ഈ പഞ്ചായത്ത് മാവേലിക്കര ലോക്സഭാമണ്ഡലത്തിലാണ് സ്ഥിതി ചെയ്യുന്നത്. ശിവക്ഷേത്രവും, പാര്ഥസാരഥീക്ഷേത്രവും പ്രസിദ്ധങ്ങളായ ഏതാനും ക്രിസ്ത്യന്‍, മുസ്ളീം ദേവാലയങ്ങളുമെല്ലാം ഉള്ള നാടാണ് ആറന്മുള.